റിയാദ്: സൗദി അറേബ്യയില്‍ നിലവില്‍ എത്തിയ മൂല്യ വര്‍ധിത നികുതി നിയമം ലംഘിച്ച 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നു മുതലായിരുന്നു സൗദി അറേബ്യയില്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടത്താതിരിക്കുകയും അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കുകയും ചെയ്തതായി ടാക്‌സ് അതോറിറ്റി കണ്ടെത്തി.
വാറ്റ് ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഈടാക്കുകയും, വാറ്റ് വിരുദ്ധമായി വ്യാപാരം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ടാക്‌സുമായി ബന്ധപ്പെട്ട 3500 പരാതികളാണ് ശരാശരി ദിവസവും ലഭിക്കുന്നത്. 29 പരിശോധനാ സംഘങ്ങള്‍ നാലു ദിവസത്തിനിടെ 1,322 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു.