യുഎസിന്റെ സഹായമില്ലാതെ സൗദിയ്ക്ക നിലനില്‍ക്കാനാവില്ലെന്ന്…

വാഷിംങ്ടണ്‍: യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ച പോലും സൗദി അറേബ്യയ്ക്ക് നിലനില്‍ക്കാനാവില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യു.എസ്. സൈന്യത്തിന്റെ പിന്തുണയില്ലാതെ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന് അധികാരത്തില്‍ തുടരാനാവില്ലെന്നും യു.എസില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

സമ്പന്നരാഷ്ട്രങ്ങള്‍ക്കും യു.എസ്. സംരക്ഷണം നല്‍കുന്നുണ്ടെന്നും എന്നാല്‍, അവരില്‍നിന്ന് തിരിച്ച് തങ്ങള്‍ക്ക് ഗുണമൊന്നും ലഭിക്കുന്നില്ലെന്നുമുള്ള ഉദ്ദേശ്യത്തിലായിരുന്നു സൗദിക്കുനേരെയുള്ള ട്രംപിന്റെ പരാമര്‍ശം.

സൗദി അറേബ്യയെ യു.എസ്. സംരക്ഷിക്കുന്നുണ്ടെന്നും, അവര്‍ സമ്പന്നരാണെന്ന് നിങ്ങള്‍ പറയുമോയെന്നും, സല്‍മാന്‍ രാജാവിനെയും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, അമേരിക്ക നിങ്ങള്‍ക്ക് സുരക്ഷ നല്‍കുകയാണ്. തങ്ങളെക്കൂടാതെ രണ്ടാഴ്ചപോലും നിങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും, നിങ്ങള്‍ക്ക് ലഭിക്കുന്ന സൈനികസുരക്ഷയ്ക്കായി നിങ്ങള്‍ തന്നെ പണം നല്‍കേണ്ടിവരുമെന്നും ട്രംപ് സൂചിപ്പിച്ചു.

സഖ്യസൗഹൃദ രാജ്യങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്ന അതേ സുരക്ഷ അവര്‍ തിരിച്ചും നല്‍കേണ്ടതുണ്ടെന്നും, യു.എസ്. സമ്പദ് വ്യവസ്ഥയില്‍നിന്നും കുറേ പണം ചോര്‍ന്നുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവനയില്‍ സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദി എണ്ണവില വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ വിവാദപരാമര്‍ശം.

Top