ന്യൂയോര്‍ക്ക്: സൗദി അറേബ്യയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയില്ലാതെ നാലാഴ്ച അവര്‍ക്ക് അധികാരത്തില്‍ തികയ്ക്കാനാവില്ലെന്നാണ് സൗദി രാജാവ് സല്‍മാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
സൗദി അറേബ്യന്‍ ഭരണകൂടവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് യു.എസ്. കഴിഞ്ഞവര്‍ഷം പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര യാത്രയില്‍ ട്രംപ് സൗദി സന്ദര്‍ശിച്ചിരുന്നു.
എണ്ണ മാര്‍ക്കറ്റിന്റെ സ്ഥിരത ഉറപ്പുവരുത്താനും ആഗോള സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളെക്കുറിച്ച് ശനിയാഴ്ച സല്‍മാന്‍ രാജാവിനെ വിളിച്ച് ട്രംപ് സംസാരിച്ചതായി സൗദി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഉയര്‍ന്ന എണ്ണവിലയുടെ പേരില്‍ ട്രംപ് ഒപെക് നേതാവും ലോകത്തില്‍ ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവുമായ സൗദി അറേബ്യയെ വിമര്‍ശിച്ചിരുന്നു. ലോകത്തിന്റെ മറ്റു മേഖലകളെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നത് ഒപെക് അംഗങ്ങളാണെന്നായിരുന്നു കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ട്രംപ് പറഞ്ഞത്.