ഖഷോഗിയുടെ തിരോധാനം തങ്ങള്‍ക്കെതിരെ ഉപരോധങ്ങളുണ്ടായാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്

ദുബൈ: സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് തങ്ങള്‍ക്കെതിരെ ഉപരോധങ്ങളുണ്ടായാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യ. ഏതെങ്കിലും തരത്തില്‍ സാമ്പത്തിക വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ തിരിച്ചും തക്ക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി അറേബ്യയ്‌ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമര്‍ശം.

ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതല്‍ കാണാതായിരുന്നു. ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കൈമാറാന്‍ സൗദി അധികൃതര്‍ തയ്യാറാകണമെന്ന് തുര്‍ക്കി പ്രസിഡന്റ റസിപ് തയ്യിപ് എര്‍ദോഗന്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷന്‍ തുര്‍ക്കിയോടും സൗദിയോടും ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടതായി പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു യുഎന്‍ വക്താവിന്റെ പ്രതികരണം.

തുര്‍ക്കി സ്വദേശിനിയെ വിവാഹം കഴിക്കാനുള്ള രേഖകള്‍ ശരിയാക്കാനാണ് ഈമാസം രണ്ടിന് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റില്‍ വച്ച് സൗദി ആസൂത്രിതമായി ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് തുര്‍ക്കി അന്വേഷണം സംഘം നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം സൗദി നിഷേധിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ രുക്ഷ വിമര്‍ശകനായിരുന്നു ഖഷോഗി. സല്‍മാന്‍ അധികാരത്തിലേക്ക് എത്തിയതോടെയാണ് ഖഷോഗി അമേരിക്കയിലേക്ക് താമസം മാറ്റിയത്. സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ഖഷോഗി തുറന്നടിച്ചിരുന്നു.

Top