ധനകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരിക്കാനൊരുങ്ങി സൗദി

soudi

സൗദി : ധനകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലെ പതിമൂവായിരത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ തീരുമാനം. തുടക്കത്തില്‍ ഉയര്‍ന്ന തസ്തികകളിലാണ് ഇപ്രകാരം സ്വദേശിവല്‍ക്കരണം നടപ്പാക്കുക.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കു കീഴില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപങ്ങളിലും തീരുമാനം നടപ്പാക്കും.

13,000 ത്തോളം ഉന്നത തസ്തികകളിലാണ് ഇപ്രകാരം സ്വദേശികളെ മാത്രമായി നിയമിക്കുക. ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ വിദേശ ജോലിക്കാരെ നിയമിക്കേണ്ടിവരികയാണെങ്കില്‍ അത് സ്വദേശികളെ കിട്ടാനില്ലെങ്കില്‍ മാത്രമേ അനുവദിക്കൂ. അത്തരം സന്ദര്‍ഭങ്ങളില്‍ മതിയായ യോഗ്യതയുള്ള സ്വദേശി ജോലിക്കാരെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങള്‍ തെളിയിക്കണം. ഭാവിയില്‍ അത്തരം ജോലികളില്‍ സ്വദേശികളെ തന്നെ നിയമിക്കാനാവശ്യമായ പദ്ധതികളും സ്ഥാപനം ആസൂത്രണം ചെയ്തു സാമക്ക് സമര്‍പ്പിക്കണം.

സ്വകാര്യ സ്ഥാപങ്ങളിലെ ചില ഉയര്‍ന്ന തസ്തികകളില്‍ നേരത്തെ തന്നെ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ സാമൂഹ്യ മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസര്‍ തുടങ്ങി പ്രധാന തസ്തികളിലെല്ലാം നിലവില്‍ സ്വദേശിവല്‍ക്കരണം നിലനില്‍ക്കുന്നുണ്ട്.

Top