സൗദി അറേബ്യയുടെ രാജ്യാതിര്‍ത്തികള്‍ തുറന്നു; യാത്രക്കാര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്

soudi

റിയാദ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സൗദി അറേബ്യയുടെ രാജ്യാതിര്‍ത്തികള്‍ മാസങ്ങള്‍ക്ക് ശേഷം തുറന്നു. കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ ജനുവരി ഒന്നിന് മാത്രമേ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ സാധാരണ നിലയിലെത്തുവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് രാജ്യാതിര്‍ത്തികള്‍ തുറന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും രാജ്യാതിര്‍ത്തികള്‍ എല്ലാവര്‍ക്കുമായി തുറന്നത് ഇന്നലെയാണ്. മാസങ്ങള്‍ക്ക് ശേഷം യാത്ര പുനഃരാരംഭിച്ചതിനാല്‍ സൗദിയേയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വിമാന സര്‍വീസും ഭാഗികമായി തുടങ്ങി. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദിയിലേക്കും സൗദിക്ക് പുറത്തേക്കും വിമാനയാത്ര ചെയ്യുന്നതിനാണ് അനുമതി. സൗദിയിലേക്കും പുറത്തേക്കുമുള്ള യാത്രയുടെ നിബന്ധനകള്‍ അറിയിച്ചുകൊണ്ടുള്ള ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്റെ സര്‍ക്കുലറും പുറത്തിറങ്ങി. റീ- എന്‍ട്രി വിസ, റെസിഡന്റ് വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്ര ചെയ്യാം. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ അംഗീകൃത ലാബില്‍ നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സൗദിയിലേക്ക് വരുന്നവരും പുറത്തേക്കു പോകുന്നവരും കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

Top