സൗദി അറേബ്യ: സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി വേണ്ട എന്നതാണ് പ്രധാനപ്പെട്ട ഒരു ഭേദഗതി. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഹുറൂബ് ആയ കേസുകള്‍ നിലവിലുള്ള നിയമമനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന തൊഴില്‍ നിയമ ഭേദഗതിയാണ് സൗദിയില്‍ പ്രാബല്യത്തില്‍ വരുന്നത്.സ്‌പോണ്‍സര്‍ സഹകരിച്ചില്ലെങ്കിലും വിദേശ തൊഴിലാളികള്‍ക്ക് സ്വന്തമായി എക്‌സിറ്റ് റീ-എന്‍ട്രിയടിച്ച് നാട്ടില്‍ പോകാം, ജോലി മാറാം, സ്‌പോണ്‍സര്‍ഷിപ്പ് മാറാം ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്നും മടങ്ങാം. അബ്ശിര്‍, ഖീവ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. എന്നാല്‍ തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ ജോലിയില്‍ നിന്നു മാറിയാല്‍ തൊഴിലാളി തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും.
അവധിക്കോ അത്യാവശ്യത്തിനോ നാട്ടില്‍ പോകാനും ഇഷ്ടമല്ലാത്ത ജോലി ഒഴിവാക്കാനുമെല്ലാം പ്രവാസികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി വേണ്ട. എന്നാല്‍ വീട്ടു വേലക്കാരും ഹൗസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിയമം ബാധകമല്ല. ഇവര്‍ക്കായുള്ള നിയമ ഭേദഗതി പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.