സൗദിയിലേയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ച കൂടി നീട്ടി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഡിസംബര്‍ 20 മുതല്‍ ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

അതേസമയം, ഇന്നലെ മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച പുറത്തുവിട്ട സര്‍ക്കുലറിലാണ് വിദേശികള്‍ക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Top