റിയാദ്: സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശക്തമായ നടപടികളുമായി സൗദി. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡുമായി ബന്ധപ്പെട്ടോ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടോ സോഷ്യല്‍ മീഡിയയിലും മറ്റും തെറ്റായ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴയോ, അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അവ രണ്ടുമോ ആണ് ശിക്ഷ. ആഭ്യന്തര വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങള്‍ പരത്തുക, അവ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുകയോ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ മുതല്‍ പത്ത് ലക്ഷം റിയാല്‍ വരെയായിരിക്കും പിഴ. അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തടവും പിഴയും ഒരുമിച്ച് ലഭിക്കാനും സാധ്യതയുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുകന്ന പക്ഷം നേരത്തേ ചുമത്തിയ ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.