കൊവിഡ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി സൗദി

റിയാദ്: സൗദിയിലെത്തുന്നവര്‍ക്ക് കൊവിഡ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി അധികൃതര്‍. ഉംറ തീര്‍ഥാടനത്തിനും സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലുമെത്തുന്നവര്‍ തങ്ങളുടെ ട്രാവല്‍ ഇന്‍ഷൂറന്‍സില്‍ കൊവിഡ് കവറേജ് കൂടി ഉള്‍പ്പെടുത്തണമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. സൗദി സെന്‍ട്രല്‍ ബാങ്കും കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സുമാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധന മുന്നോട്ടുവച്ചത്. നിലവിലുള്ള ഇന്‍ഷൂറന്‍സ് പോളിസി ഫോര്‍മാറ്റില്‍ കൊവിഡ് ബാധമൂലമുണ്ടാവുന്ന അപകടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മാറ്റം വരുത്തണമെന്ന് എല്ലാ വിദേശ യാത്രക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

സൗദിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് രാജ്യത്ത് വെച്ച് കൊവിഡ് പിടിപെടുകയാണെങ്കില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം രാജ്യത്ത് മതിയായ ചികില്‍സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.

രാജ്യത്ത് വെച്ച് കൊവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ ചികില്‍സയ്ക്കാവശ്യമായ ചെലവുകള്‍, ക്വാറന്റൈന്‍ ആവശ്യമായ കേസുകളില്‍ അതിനുള്ള ചെലവുകള്‍, അടിയന്തര ഘട്ടങ്ങളില്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള ചെലവുകള്‍ തുടങ്ങിയവ കവര്‍ ചെയ്യുന്നതായിരിക്കണം ഇന്‍ഷൂറന്‍സ് കവറേജ്.

Top