സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കുറ്റവാളികള്‍ക്കായി ശക്തമായ പരിശോധന. മൂന്ന് ദിവസത്തിനിടെ പിടിയിലായത് ഏഴായിരത്തിലേറെ പേരാണ്. പിടിയിലായവരില്‍ പകുതിയോളം പേര്‍ സ്വദേശികളാണ്. നിരവധി ആയുധങ്ങളും മോഷണവസ്തുക്കളും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി ദേശ വ്യാപകമായി തുടരുകയാണ് സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. മൂന്ന് ദിവസത്തിനകം അറസ്റ്റിലായത് ഏഴായിരത്തിലധികം പേരാണ്. പിടിയിലായവരില്‍ 3269 പേര്‍ സ്വദേശികളാണ്. നാലായിരത്തോളം പേര്‍ വിദേശികളുമാണ് . ആയുധങ്ങള്‍, തോക്കുകള്‍, മോഷണവാഹനങ്ങള്‍, മദ്യം, മയക്കുമരുന്ന്, എന്നിവയും പിടികൂടിയവരില്‍ നിന്നും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ദമ്മാമില്‍ മലയാളി സ്ഥാപനങ്ങളില്‍ കൊള്ള നടത്തിയവരും പിടിയിലായെന്നാണ് സൂചന. 601 വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ 45 എണ്ണം മോഷ്ടിക്കപ്പെട്ടവയാണെന്ന് കണ്ടെത്തി. 30 വാഹനങ്ങള്‍ സുരക്ഷാപ്രശ്‌നങ്ങളുള്ളതാണ്.
174 വാഹനങ്ങളെ സംബന്ധിച്ച് സംശയമുണ്ട്. 296 വാഹനങ്ങള്‍ക്ക് മതിയായ രേഖകളോ ഉടമസ്ഥരോ ഇല്ല. പിടിച്ചെടുത്ത ആയുധങ്ങളില്‍ കത്തികള്‍,റൈഫിള്‍, വെടിയുണ്ട, പിസ്റ്റള്‍, മെഷിന്‍ ഗണ്ണുകള്‍ എന്നിവ ഉള്‍പെടും. പൊതുസുരക്ഷാ വിഭാഗം നടത്തിയ പട്രോളിങിനിടെയാണ് കുറ്റവാളികളെ കണ്ടെത്തിയത്.