ആമസോണ്‍ സ്ഥാപകനും, ചീഫ് എക്‌സിക്യൂട്ടീവുമായ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രാജകുമാരന്റെ സ്വകാര്യ നമ്പറില്‍ നിന്നും ബെസോസിന് ലഭിച്ച വീഡിയോ സന്ദേശത്തിന് ശേഷമാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 മധ്യത്തിലാണ് ശതകോടീശ്വരന്റെ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള രഹസ്യകോഡ് ഉള്‍പ്പെട്ട വീഡിയോ സൗദി രാജകുമാരന്റെ ഫോണില്‍ നിന്നും എത്തിയതെന്ന് ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താതെയാണ് ഗാര്‍ഡിയന്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഫോറന്‍സിക് പരിശോധനയിലാണ് ബിന്‍ സല്‍മാന്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.
ഹാക്ക് ചെയ്യാനുള്ള കോഡ് ഉപയോഗിച്ച വീഡിയോ ഫയലാണ് ബിന്‍ സല്‍മാന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ബെസോസിന് ലഭിച്ചത്. ആഗോള ബിസിനസ്സ് അഡൈ്വസറി സ്ഥാപനമായ എഫ്ടിഐ കണ്‍സള്‍ട്ടിംഗാണ് സംഭവം അന്വേഷിച്ചത്. ബെസോണിന്റെ ഫോണില്‍ നിന്നും അയച്ച സന്ദേശങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ ശേഷമാണ് ബെസോസും, മുന്‍ ടിവി ആങ്കറുമായ ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹേതര ബന്ധം പുറത്തുവന്നത്.
ചോര്‍ത്തിയ രഹസ്യവിവരങ്ങളും, സ്വകാര്യ ചിത്രങ്ങളും പ്രസിദ്ധീകരിച്ച ടാബ്ലോയിഡ് നാഷണല്‍ എന്‍ക്വയററിന് എതിരെ നടപടി സ്വീകരിക്കുമെന്ന് ബെസോസ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സൗദി ഭരണകൂടമാണ് ഇതിന് മുന്‍പ് ഹാക്കിംഗ് നടത്തിയതെന്ന് വ്യക്തമായതോടെ ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതക റിപ്പോര്‍ട്ടുകള്‍ ശക്തമായി പുറത്തുവിട്ടതിന് പകരംവീട്ടിയതാണെന്ന സംശയമാണ് ഉയരുന്നത്.