പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സൗ​ദി ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന 850 ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​യ്ക്കും

Mohammed bin Salman

ന്യൂഡല്‍ഹി: സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ധാരണയായി. ഇന്ത്യ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണു നടപടിയെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും ധാരണയായി. നിലിവില്‍ ഒരു ലക്ഷത്തി എഴുപത്തി ആയ്യായിരമാണ് ഇന്ത്യയുടെ ക്വാട്ട.

ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന സൗദികള്‍ക്ക് ഇ – വിസ അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സര്‍വീസ് വര്‍ദ്ധിപ്പിക്കാനും ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്‍ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

Top