തുര്‍ക്കിയുമായുള്ള അടുപ്പവും ഒടുവില്‍ പാക്കിസ്ഥാന് വിനയാകുന്നു. സൗദിയുടെ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും അപ്രീതിക്കാണ് പാക്ക് ഭരണകൂടമിപ്പോള്‍ ഇരയായിരിക്കുന്നത്.തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായും ഇമ്രാന്‍ ഖാന്‍ അമേരിക്കയില്‍ വച്ച് നടത്തിയ ചര്‍ച്ചയാണ് സൗദിയുടെ ഉടക്കിന് പ്രധാന കാരണം.
മൂന്നു പേരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പുതിയ കൂട്ടുകെട്ട് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുത്തിരുന്നു. സൗദി അറേബ്യയെ അറിയിക്കാതെയായിരുന്നു ഈ കരുനീക്കം. മാത്രമല്ല, തുര്‍ക്കിയും മലേഷ്യയും പാക്കിസ്ഥാനും ചേര്‍ന്ന് ബി.ബി.സി മാതൃകയില്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ തുടങ്ങാനും തീരുമാനമെടുക്കുകയുണ്ടായി.
മുസ്ലീം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇസ്ലാമോഫോബിയക്കെതിരെ പോരാടുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. ഈ തീരുമാനങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ സൗദി നല്‍കിയ ആഢംബര സ്വകാര്യ വിമാനം അവര്‍തന്നെ തിരിച്ചു വാങ്ങുകയായിരുന്നു. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഫ്രൈഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 74 -ാമത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടു മുന്‍പ് ഇമ്രാന്‍ഖാന്‍ സൗദിയും സന്ദര്‍ശിച്ചിരുന്നു. ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വാണിജ്യ വിമാനം തിരഞ്ഞെടുത്ത ഇമ്രാനോട് തന്റെ സ്വന്തം വിമാനം ഉപയോഗിക്കാന്‍ സൗദി
കിരീടാവകാശിതന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘദൂര യാത്രയില്‍ ഒദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചതെന്നാണ് പാക്ക് മാധ്യമം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുന്‍പും അമേരിക്കന്‍ സന്ദര്‍ശനത്തിനായി യാത്രാ വിമാനത്തെയായിരുന്നു ഇമ്രാന്‍ ഖാന്‍ ആശ്രയിച്ചിരുന്നത്. സൗദി വിമാനത്തില്‍ അമേരിക്കയില്‍ ലാന്‍ഡ് ചെയ്ത പാക്ക് പ്രധാനമന്ത്രിക്ക് തിരികെ വാണിജ്യ വിമാനത്തില്‍ മടങ്ങേണ്ടി വന്നിരുന്നത് ആകെ നാണക്കേടായിട്ടുണ്ട്.
സൗദി വിമാനത്തിന് സാങ്കേതിക തകരാറ് വന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ഇമ്രാന്‍ഖാന്റെ ഓഫീസിന്റെ വാദത്തെ പാക്ക് മാധ്യമങ്ങള്‍ പോലും മുഖവിലക്കെടുത്തിട്ടില്ല. തുര്‍ക്കി പ്രസിഡന്റുമായുള്ള പാക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയാണ് സൗദിയെ കൂടുതല്‍ പ്രകോപിതരാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഖത്തറുമായി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയിരുന്ന ആദ്യ രാജ്യം തുര്‍ക്കിയിയിരുന്നു. ഇന്ത്യയും ഖത്തറിനെ സഹായിച്ചിരുന്നുവെങ്കിലും അതൊരിക്കലും സൗദിയെ ശത്രുപക്ഷത്ത് നിര്‍ത്തിയായിരുന്നില്ല. ഇറാനുമായുള്ള എണ്ണ ഇറക്കുമതിക്ക് മേല്‍ നിയന്ത്രണം വന്നതോടെ സൗദിയില്‍ നിന്നാണ് പ്രധാനമായും ഇന്ത്യയിപ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദിയും വന്‍ മുതല്‍ മുടക്കാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നതും പാക്കിസ്ഥാന് വലിയ പ്രഹരമായിരുന്നു.
പ്രധാനപ്പെട്ട മുസ്ലീം രാഷ്ട്രങ്ങളെ പോലും ഒപ്പം നിര്‍ത്താന്‍ കഴിയാതിരുന്നതില്‍ ഇമ്രാന്‍ ഖാന് എതിരെ പാക്ക് സൈന്യവും കടുത്ത രോഷത്തിലാണ്.
സൗദിയെ ഒപ്പം നിര്‍ത്തി ഇന്ത്യ പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് നടത്തുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ പാക്ക് സൈന്യം. സൗദി ഉള്‍പ്പെടെയുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ സഹായം ഇല്ലങ്കില്‍ കൂടുതല്‍ ദാരിദ്രത്തിലേക്ക് രാജ്യം നീങ്ങുമെന്നാണ് പാക്ക് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. 2000 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച സൗദി, വിമാനം തിരികെ വാങ്ങിയത് ഒരു മുന്നറിയിപ്പാണെന്നാണ് അവരുടെ വാദം. സൗദിയില്‍ ഇന്ത്യയുടെ ഇടപെടലുകളാണ് വിജയം കാണുന്നതെന്നും ഇമ്രാന്‍ ഖാന്‍ വലിയ പരാജയമാണെന്നുമുള്ള വിലയിരുത്തലും പാക്ക് മാധ്യമങ്ങള്‍ക്കുണ്ട്.
അതേസമയം ,പാക്കിസ്ഥാനു വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള തുര്‍ക്കിയുടെ നീക്കത്തെ ഇന്ത്യയും ഗൗരവത്തോടെയാണ്
നോക്കികാണുന്നത്. 99 മീറ്റര്‍ നീളവും 2400 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുമുള്ളതുമാണ് ഈ കപ്പല്‍ പ്രോജക്ട്. നാല് കപ്പലുകള്‍ പാക്കിസ്ഥാന് നിര്‍മ്മിച്ച് കൊടുക്കുമെന്ന വിവരം തുര്‍ക്കി പ്രസിഡന്റ് തന്നെയാണിപ്പോള്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ പുതിയ പദ്ധതി.
ആണവായുധമുള്ള ലോകത്തെ ഏക മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാനുമായി തുര്‍ക്കി ഉണ്ടാക്കുന്ന അടുപ്പം ഭാവിയില്‍
തങ്ങള്‍ക്കും ഭീഷണിയാവുമെന്ന ഭയം സൗദി അറേബ്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പാക്കിസ്ഥാനുമായി ഒരകലം പാലിച്ച് ഇന്ത്യയുമായി കൂടുതല്‍ ശക്തമായ സഹകരണം തുടരാനാണ് സൗദി കിരീടാവകാശിയുടെ തീരുമാനം. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.
സൗദിയുമായി ശത്രുത തുടരുമെങ്കിലും ഇന്ത്യക്കെതിരായ നീക്കത്തിന് തുര്‍ക്കിയുമായോ പാക്കിസ്ഥാനുമായോ സഹകരിക്കില്ലന്ന് ഖത്തറും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എന്നും ഖത്തറിന്റെ അടുത്ത സുഹൃത്താണെന്നും ആ ബന്ധം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് ഖത്തര്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തിലും ഇന്ത്യയുടെ നിലപാടിനൊപ്പം തന്നെയാണ് ഖത്തറും ഉറച്ച് നില്‍ക്കുന്നത്. ഇതോടെ ചെറിയ മുസ്ലീം രാഷ്ട്രങ്ങളുടെ പോലും പിന്തുണ നേടാന്‍ കഴിയാതിരുന്നത് ഇമ്രാന്‍ഖാന്റെ കസേരയ്ക്കാണിപ്പോള്‍ ഭീഷണിയായിരിക്കുന്നത്.
സൈന്യവും ഐ.എസ്.ഐയും ചേര്‍ന്ന് അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുമോ എന്ന ആശങ്ക പാക്ക് ഭരണപക്ഷത്തിനുമുണ്ട്. സൈനിക മേധാവി നേരിട്ട് ബിസിനസ്സുകാരുടെ യോഗം വിളിച്ചതും അസാധാരണമായിരുന്നു. പാക്കിസ്ഥാനില്‍ അസ്ഥിരത ഉടലെടുത്താല്‍ തീവ്രവാദികളുടെ കൈവശം ആണവായുധം എത്താനും സാധ്യത വളരെ കൂടുതലാണ്. ഇക്കാര്യത്തില്‍ അമേരിക്ക തന്നെ ഇതിനകം പരസ്യമായി ആശങ്ക പ്രകടിപ്പിച്ചുംകഴിഞ്ഞു.
ഇന്ത്യയും സ്ഥിതിഗതികള്‍ അതീവഗൗരവമായി നിരീക്ഷിച്ച് വരികയാണ്. പാക്ക് പ്രതിസന്ധി അതിര്‍ത്തിയില്‍ ‘തീര്‍ക്കാന്‍’ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
Political Reporter