ദമാം: സൗദി സ്ത്രീകള്‍ക്ക് വാഹനം നിരത്തിലിറക്കാന്‍ നാല് ദിനം ബാക്കി നില്‍ക്കെ തീവ്ര പരിശീലനത്തിലാണ് സൗദിയിലെ സ്ത്രീകള്‍. ദമാമിലെ അരാംകോ കോമ്പൌണ്ടില്‍ നൂറുകണക്കിന് പേരാണ് ഇതിനകം പരിശീലനത്തിനായി കാത്തിരിക്കുന്നത്.
വാഹന പരിശീലനത്തിനൊപ്പം സാങ്കേതിക പരിശീലനവും നല്‍കാനാളുണ്ട്. വനിതകള്‍ക്ക് വനിതകളുടെ കീഴിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. ഘട്ടം ഘട്ടമായുള്ള പരിശീലനത്തില്‍ നിരവധി പേരുണ്ട് കാത്തിരിപ്പ് പട്ടികയില്‍. ജൂണ്‍ 24ന് മുന്നോടിയായി ട്രാഫിക് വിഭാഗവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും ഡ്രൈവിംഗ് സ്‌കൂളുകള്‍ തയ്യാറായി കഴിഞ്ഞു.
സല്‍മാന്‍ രാജാവാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന് അനുമതി നല്‍കിയത്. 2018 ജൂണ്‍ 24 ഞായറാഴ്ചയാണ് തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. പുതിയ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയൊരു തുക ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ ചിലവഴിക്കേണ്ട അവസ്ഥയാണ്. അതിനെല്ലാം ഒരു മാറ്റമാണ് സൗദി സ്ത്രീകളും ആഗ്രഹിക്കുന്നത്.
സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന് അനുമതി വേണമെന്ന് ആവശ്യപ്പട്ട് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വനിതകള്‍ക്ക് കാറുകള്‍ ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ചതിനു പിന്നാലെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ വിദേശ വനിതകള്‍ക്ക് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം.
ഇതുപ്രകാരം മറ്റ് ജിസിസി രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സൗദി വനിതകള്‍ക്ക് നേരിട്ട് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വിദേശ വനിതകള്‍ക്ക് ആ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനം ഓടിക്കാം. കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും.
സാധാരണ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായം പതിനെട്ടു വയസാണ്. എന്നാല്‍ പൊതുഗതാഗത മേഖലയില്‍ ലൈസന്‍സ് ലഭിക്കാന്‍ ഇരുപത് വയസ് പൂര്‍ത്തിയാകണം. അതേസമയം പതിനേഴു വയസു പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. വനിതാ ട്രാഫിക് പൊലീസും നിലവില്‍ വന്നു. ഗതാഗത നിയമലംഘനം നടത്തുന്ന വനിതകള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.