Saudi- Egypt island deal- protest begins

കെയ്‌റോ: തിറാന്‍, സനാഫിര്‍ എന്നീ ദീപുകള്‍ സൗദിക്ക് കൈമാറിയതില്‍ ഈജിപ്തില്‍ പ്രതിഷേധം പുകയുന്നു. സൈനിക ഭരണകൂടം തുലയട്ടെ എന്ന മുദ്രാവാക്യവുമായി നൂറു കണക്കിന് പേര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. വിലക്കിനെ വെല്ലുവിളിച്ചു കൊണ്ടാണ് പ്രകടനങ്ങള്‍.

സൗദി മുന്നോട്ടുവെച്ച നിക്ഷേപത്തിന് പകരമായി ഈജിപ്തിന്റെ രണ്ട് ദീപുകള്‍ സൗദിക്ക് വിട്ടുകൊടുത്തു കൊണ്ടുള്ള കരാറിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ പട്ടാള ഭരണകൂടത്തെ പിന്തുണച്ചിരുന്ന പ്രമുഖരടക്കം നിരവധി പേരാണ് പ്രകടന വിലക്ക് ലംഘിച്ച് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിക്കെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹംദൈന്‍ സ്വബാഹി, അഹ്മദ് ശഫീഖ്, അംറ് മൂസാ എന്നിവര്‍ക്ക് പുറമെ നിരവധി അക്കാദമിക വിദഗ്ദരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നേതാക്കളും പ്രക്ഷോഭത്തിന് പിന്നിലുണ്ട്.

മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അട്ടിമറി നടത്താന്‍ അബ്ദുല്‍ ഫത്താഹ് സീസിക്കൊപ്പം നിലകൊണ്ട ഈ സംഘത്തിന്റെ ചുവടുമാറ്റം ഗൗരവത്തോടെയാണ് ഭരണകൂടം വീക്ഷിക്കുന്നത്. വര്‍ധിച്ച് വരുന്ന പട്ടിണിയും അഴിമതിയും തൊഴിലില്ലായ്മയും ജനരോഷത്തിന് കാരണമായിട്ടുണ്ട്.

അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപകമാണ്. 2014 മെയ് മാസത്തില്‍ സീസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ എതിര്‍പ്പാണ് ഇപ്പോഴത്തേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഭരണകൂടത്തിന്റെ ശക്തമായ വിലക്ക് നിലനില്‍ക്കുമ്പോഴും രാത്രികാലങ്ങളിലും പകലിലും ഈജിപ്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

Top