പ്രശ്‌നം രൂക്ഷം;കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് സൗദി

ടൊറന്റോ: രാജ്യത്ത് മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാനഡയുമായി നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കനേഡിയന്‍ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളോട് രാജ്യം വിട്ട് പോരാന്‍ ആവശ്യപ്പെടുമെന്ന് സൗദി സര്‍ക്കാര്‍ വക്താവ് അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി കാനഡയില്‍ പഠിക്കുന്ന ഏതാണ്ട് 20,000 സൗദി വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാംഗങ്ങളോടുമാണ് തിരിച്ച് രാജ്യത്തെത്താന്‍ ആവശ്യപ്പെടുന്നത്. ഇവരെ ബ്രിട്ടന്‍,യു.എസ് എന്നീ രാജ്യങ്ങളില്‍ സമാന കോഴ്‌സുകള്‍ക്ക് ചേര്‍ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 13 മുതല്‍ സൗദിയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദ് ചെയ്യുമെന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം നേരത്തെ സൗദി വിച്ഛേദിച്ചിരുന്നു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും സൗദി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു.

സൗദി അറേബ്യ അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ബ്ലോഗറുമായ സമര്‍ബദ് വിയേയും മറ്റുള്ളവരേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ സൗദിഅറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങളെ അനുവദിക്കുന്നതിന് തുല്ല്യമാണ്. സൗദി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞിരുന്നു.

Top