സൗദി അരാംകോയില്‍ വീണ്ടും ഹൂതി ആക്രമണം; എണ്ണ കേന്ദ്രത്തില്‍ തീപ്പിടുത്തം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ അരാംകോയുടെ എണ്ണ റിഫൈനറിക്കു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു തീപ്പിടിച്ചു. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തീ വേഗത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കിയതായി സൗദി അധികൃതര്‍ അവകാശപ്പെട്ടു. ആറു വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ മഗ്രിബ് പ്രദേശത്ത് വന്‍ മുന്നേറ്റം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ആക്രമണ വാര്‍ത്ത.

സൗദിയിലെ എണ്ണ കേന്ദ്രത്തിനു നേരെ മൂന്നാഴ്ചയ്ക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് അരാംകോ കേന്ദ്രത്തിന് നേരെ വെള്ളിയാഴ്ച ഉണ്ടായത്. ഹൂതികള്‍ സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ സൗദിയിലെ പ്രധാന എണ്ണ തുറമുഖമായ റാസ് തനൂറ പോര്‍ട്ടിനു നേരെ മാര്‍ച്ച് ആദ്യത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ദഹ്‌റാനിലെ അരാംകോയുടെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍, ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റിഫൈനറിക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിക്ക് തീപ്പിടിച്ചെങ്കിലും ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണത്തെ അപലപിക്കുകയും ഭീരുത്വമെന്ന് വിശേഷിപ്പിക്കുകയും ചെയ്ത മന്ത്രാലയം, ഇത് രാജ്യത്തിനെതിരായ ആക്രമണം മാത്രമല്ലെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കും എതിരായ ആക്രമണം കൂടിയാണെന്നും കുറ്റപ്പെടുത്തി.

തദ്ദേശീയമായി വികസിപ്പിച്ച ആറ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് അരാംകോ എണ്ണ കേന്ദ്രത്തിനെതിരെ തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. യമനിനെതിരായ സൗദി നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് അതെന്നും ഹൂതി സൈനിക വക്താവ് വ്യക്തമാക്കി. സൗദിയിലെ സൈനിക കേന്ദ്രങ്ങള്‍ക്കും മറ്റ് പ്രധാന സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം തുടരുമെന്നും വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

അരാംകോ എണ്ണ കേന്ദ്രത്തിനെതിരെ നടന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ കരങ്ങളാണെന്ന് സൗദി കുറ്റപ്പെടുത്തി. ആക്രമണത്തിനുപയോഗിച്ച മിസൈലുകളും ഡ്രോണുകളുമെല്ലാം ഇറാന്‍ നിര്‍മിതമാണെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ചില ആക്രമണങ്ങള്‍ യമന്‍ അതിര്‍ത്തിക്കു പുറത്ത് നിന്നാണ് വന്നതെന്നും ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അരാംകോയുടെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിലൂടെ ആഗോള ഊര്‍ജ്ജ സുരക്ഷയെ അപകടപ്പെടുത്താനുള്ള ശ്രമമാണ് ഹൂതികള്‍ നടത്തുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഹൂതി ആക്രമണത്തെ യുഎന്‍ രക്ഷാസമിതിയും അപലപിച്ചു. സൗദിയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും തള്ളുന്നതായി സൗദിയിലെ ഫ്രഞ്ച് അംബാസഡര്‍ ലുഡോവിച്ച് പുയോള്‍ പറഞ്ഞു. ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും മറ്റ് അറബ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആര്‍ജിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്നും അക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്‌റഫ് അഭ്യര്‍ഥിച്ചു.

 

Top