റിയാദ്: മേഖലയിലെ ബദ്ധവൈരികളായ സൗദിയും ഇറാനും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്. നാലു വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വിഛേദിച്ചതിനു ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വച്ച് ഏപ്രില്‍ ഒന്‍പതിനായിരുന്നു ആദ്യ ചര്‍ച്ചയെന്നും സൗദിയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും ഇക്കാര്യം പരസ്യമായി അംഗീകരിച്ചിട്ടില്ല. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂത്തികള്‍ സൗദി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായതായാണ് വിവരം. ചര്‍ച്ചയില്‍ നല്ല രീതിയിലുള്ള പുരോഗതിയുണ്ടായതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.