റിയാദ്: വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി സൗദി. രാജ്യത്ത് ആദ്യമായാണ് സൗദി ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. മാത്രമല്ല വിദേശവനിതകള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. പര്‍ദ ധരിക്കേണ്ടതില്ല എന്നതാണ് ഇതില്‍ പ്രധാനം.
49 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ- വിസാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖത്തീബ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് പ്രതികരിച്ചത്.
വിസ അനുവദിച്ചതിനു പിന്നാലെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പൊതു സ്ഥലങ്ങളില്‍വച്ച് ചുംബിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തും. നിയമം ലംഘിച്ചാല്‍ അവര്‍ വിദേശികളോ വിനോദ സഞ്ചാരികളോ ആണെങ്കില്‍ പോലും കനത്ത പിഴയീടാക്കാനാണ് തീരുമാനം. ഇതുകൂടാതെ പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങളെ കുറിച്ച് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.