സൗദി കിംഗ് ഫഹദ് സര്‍വകലാശാലയില്‍ ഇനി സ്ത്രീകള്‍ക്കും പ്രവേശനം

റിയാദ്: സൗദി അറേബ്യയിലെ പ്രസിദ്ധമായ കിംഗ് ഫഹദ് സര്‍വകലാശാലയില്‍ ഇനി സ്ത്രീകള്‍ക്കും പഠിക്കാം. ചരിത്രത്തിലാദ്യമായി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിയം വ്യവസായ രംഗത്തേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണ പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

ഒരു കാലത്ത് രാജ്യത്തെ എഞ്ചിനീയറിംഗ്, ഐടി പ്രൊഫഷനുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന മേഖലയോടുള്ള താല്‍പര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ തൊഴിലന്വേഷകരെ കൂടുതലായി ആകര്‍ഷിക്കുന്ന തൊഴില്‍ മേഖലകളില്‍ 35ാമത്തെ സ്ഥാപനമാണ് പെട്രോളിയം മേഖലയ്ക്കുള്ളത്. ഈ അവസ്ഥ മാറ്റാനും കൂടുതല്‍ വനിതാ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യൂനിവേഴ്സിറ്റിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ എണ്ണ മേഖലയില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം.

Top