ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി

റിയാദ്: മാനുഷിക പരിഗണനവെച്ച് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. കോവിഡ് ഭീതി നിലനില്‍ക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്‍മാര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല.

തികച്ചും മാനുഷിക പരിഗണനയുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് യാത്രാ അനുമതിയുള്ളത്. അത്തരം രാജ്യങ്ങളില്‍ ബന്ധുക്കളുടെ മരണം ഉണ്ടായാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകാവുന്നതാണ്. ചികിത്സക്കായി പോകുന്നവരുടെ കൂടെ സഹായിയായും അനുഗമിക്കാവുന്നതാണ്. ചികിത്സയിലുള്ള ഒരാള്‍ക്ക് അവയവദാനം ചെയ്യാനും യാത്രാനുമതി ഉണ്ടായിരിക്കും.

യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. അബ്ശിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതിയാകും. അബ്ഷീറില്‍ മൈ സര്‍വ്വീസ് തെരഞ്ഞെടുത്ത്, പാസ്‌പോര്‍ട്ട്, തവസുല്‍, യാത്രാനുമതി, എക്‌സിറ്റ് പെര്‍മിറ്റ് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. നേരത്തെ ഒരാവശ്യത്തിനും ഈ രാജ്യങ്ങളിലേക്ക് പോകരുതെന്ന നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Top