ചെങ്കടൽ ദ്വീപിലേക്ക് പാലം നിർമ്മിക്കാനൊരുങ്ങി സൗദി

റിയാദ്: ചെങ്കടൽ ദ്വീപിലേക്ക് പാലം നിർമ്മിക്കാനൊരുങ്ങി സൗദി.സൗദിയുടെ ആഢംബര ടൂറിസം പദ്ധതിയായ റെഡ് സീ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ചെങ്കടലിലെ പ്രധാന ദ്വീപായ ശുറൈറ ദ്വീപിലേക്ക് 1.2 കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാനൊരുങ്ങുന്നത്.

സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ദ്വീപ് സമുച്ചയത്തിലേക്ക് കരമാര്‍ഗം വിനോദസഞ്ചാരികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള ഏക പാലമായിരിക്കും ഇതെന്ന് പദ്ധതി നടത്തിപ്പുകാരായ റെഡ് സീ ഡെവലപ്മെന്റ് കമ്പനി സിഇഒ ജോണ്‍ പഗാനോ അറിയിച്ചു.

ടൂറിസത്തെയും പ്രകൃതി സംരക്ഷണത്തെയും പരസ്പരം കോര്‍ത്തിണക്കി കൊണ്ടുപോവുന്ന രീതിയാണ് ചെങ്കടല്‍ ടൂറിസം പദ്ധതി അനുവര്‍ത്തിക്കുന്നതെന്നും പഗാനോ വ്യക്തമാക്കി. വലിയ കടല്‍ ജീവികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയായിരിക്കും പാലത്തിന്റെ നിര്‍മാണം. ദ്വീപ് സമൂഹത്തിന്റെ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ഒരു നിലയ്ക്കും അപകടപ്പെടുത്താത്ത രീതിയിലായിരിക്കും പാലത്തിന്റെ നിര്‍മാണം.

പൈലിംഗ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ കടലില്‍ കലരാതിരിക്കുന്നതിനുള്ള പഴുതടച്ച സംവിധാനങ്ങളാണ് നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ദ്വീപുസമൂഹത്തിലെ സങ്കീര്‍ണമായ ആവാസ വ്യവസ്ഥയ്ക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിലായിരിക്കും പാലത്തിന് ഡിസൈൻ നൽകുക.

Top