സൗദിയില്‍ പൊലീസ് ചമഞ്ഞ് മൂന്ന് ലക്ഷം തട്ടിയ സംഘം പിടിയില്‍

റിയാദ് : പൊലീസ് ചമഞ്ഞ് സൗദി പൗരനില്‍ നിന്ന് മൂന്നു ലക്ഷം റിയാല്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. ഔദ്യോഗിക വിനിമയ നിരക്കിലും കുറഞ്ഞ നിരക്കില്‍ വിദേശ കറന്‍സികള്‍ വില്‍പനക്കുള്ളതായി പ്രലോഭിപ്പിച്ചാണ് സംഘം സൗദി പൗരനെ കബളിപ്പിച്ചത്.

ഇതു പ്രകാരം വിദേശ കറന്‍സി വാങ്ങുന്നതിന് എത്തിയ സൗദി പൗരനെ സുരക്ഷാ ഭടന്മാര്‍ ചമഞ്ഞ് സമീപിച്ച സംഘം പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് സൗദി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സംഘത്തില്‍ നാലു പേര്‍ സൗദി പൗരന്മാരും മൂന്നു പേര്‍ സുഡാനികളും ഒരാള്‍ നൈജീരിയക്കാരനുമാണ്.

Top