റിയാദ്: സൗദി ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്കും സൗദിയിൽ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ഇതിനകം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ 100ല്‍ 40 പേര്‍ കൊവിഡ് വൈറസിനെതിരായ പ്രാഥമിക പ്രതിരോധ ശേഷി നേടിയതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യം വൈകാതെ തന്നെ കൊവിഡ് പ്രതിരോധ ശേഷി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 17ന് ആരംഭിച്ച വാക്‌സിനേഷന്‍ പദ്ധതിയിലൂടെ ഇത് വരെ ഒരു കോടി 40 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. വാക്‌സിന്‍ വിതരണത്തിനായി 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സൗദി വാക്‌സിന്റെ രണ്ടാം ഡോസ് വിതരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്