സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ ; സന്ദർശനം നിർണായകം

ന്യൂഡല്‍ഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും.

പുൽവാമയിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൌദി കിരീടാവകാശിയുടെ സന്ദർശനം ഏറെ നിർണായകമാണ്.

ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകീട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിവരം.

സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയുണ്ടായേക്കും. പ്രധാനമന്ത്രിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഊര്‍ജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Top