ജിദ്ദ: ലോക ഫുട്ബോളില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍. തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ വിജയിച്ച ടീമെന്ന അപൂര്‍വ റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.
2016-17 സീസണില്‍ ന്യൂ സെയിന്റ് ക്ലബ്ബ് സ്ഥാപിച്ച 27 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ തകര്‍ത്തത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ നാല് തവണയാണ് അല്‍ ഹിലാല്‍ ജേതാക്കളായത്. സൗദി പ്രോ ലീഗില്‍ 65 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറാണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്റാണ് അല്‍ നസറിനുള്ളത്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിലും അല്‍ ഹിലാല്‍ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 4-0ന് വിജയം സ്വന്തമാക്കിയ അല്‍ ഹിലാല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചതിനൊപ്പം 28 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.