സൗദിയില്‍ പൂര്‍ണ കര്‍ഫ്യു ഇല്ലാത്ത പട്ടണങ്ങളില്‍ ടാക്‌സികള്‍ ഓടുന്നതിന് അനുമതി

ജിദ്ദ: പൂര്‍ണ കര്‍ഫ്യു ഇല്ലാത്ത പട്ടണങ്ങളില്‍ ടാക്‌സികള്‍ ഓടുന്നതിന് അനുമതി നല്‍കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്‌സി സര്‍വ്വീസുകള്‍ക്കായിരിക്കും അനുമതി.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായി മാര്‍ച്ച് 19 മുതലാണ് രാജ്യത്ത് ടാക്‌സികള്‍ ഓടുന്നത് വിലക്കിയത്. കര്‍ഫ്യൂ ഇല്ലാത്ത പട്ടണങ്ങളില്‍ 24 മണിക്കൂര്‍ ടാക്‌സി ഓടാന്‍ അനുമതി നല്‍കിയതിന് സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഗതാഗത മന്ത്രി എന്‍ജി. സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ജാസിര്‍ നന്ദി അറിയിച്ചു.

യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഉയര്‍ന്ന രീതിയിലുള്ള നിബന്ധനകള്‍ വിവിധ വകുപ്പുകളുള്‍പ്പെട്ട പ്രത്യേക സംഘം നിശ്ചയിട്ടുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതോടൊപ്പം ഗൈഡന്‍സ് ആപ്പുകളുള്ള ടാക്‌സികള്‍ക്ക് കോവിഡ് സമയത്ത് അടിയന്തിര സാഹചര്യം പരിഗണിച്ച് ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കുന്നതിന് ഇളവ് നല്‍കുന്ന തീരുമാനത്തിനും സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്.

കേവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

Top