സൗദി: സൗദിയില്‍ 9 മാസത്തിനിടെ പിടിയിലായ നിയമലംഘകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. വിവിധ മന്ത്രാലയങ്ങളും സുരക്ഷാ സേനയുമാണ് പരിശോധന നടത്തുന്നത്. പിടിയിലായവരില്‍ 474 സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ വിവിധ സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനാ ക്യാമ്പയിനിലാണ് 14,83,009 നിയമലംഘകര്‍ പിടിയിലായത്. പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി രാജ്യ വ്യാപകമായാണ് പരിശോധന നടത്തിയത്. ഇതില്‍ 11,20,406 താമസ രേഖാ നിയമലംഘകരെ പിടികൂടി. 2,46,483 തൊഴില്‍ നിയമലംഘകരും പിടിയിലായി . 1,16,120 പേരാണ് അതിര്‍ത്തി സുരക്ഷാ നിയമലംഘനത്തിന് പിടിയിലായത്.
നിയമ വിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടവരാണ് കൂടുതലുമുള്ളത്. യമന്‍, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും. മൂന്ന് ശതമാനമാണ് മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍.
അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കിയതിനും യാത്രാ സൗകര്യം നല്‍കിയതുമായ കുറ്റത്തിന് 474 സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 458 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. നിയമലംഘനം നടത്തിയ വിദേശികളില്‍ 2,54,214 പേര്‍ക്ക് നിയമപ്രകാരമുള്ള പിഴ ചുമത്തി. 2,55,932 പേര്‍ക്ക് യാത്രാ രേഖകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 3,77,572 പേരെ നാടു കടത്തുകയും ശേഷിക്കുന്നവരെ വിവിധ രീതിയില്‍ ശിക്ഷിക്കുകയും ചെയ്തു.