പ്രവാസികളുടെ കരാര്‍ പുതുക്കുന്നതില്‍ കര്‍ശന നിബന്ധനയുമായി സൗദി

സൗദി അറേബ്യ : ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന 10 വർഷം പിന്നിട്ട പ്രവാസികളുടെ കരാർ പുതുക്കുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി. സർക്കാർ മേഖലയിലെ വിദേശി ജോലിക്കാരുടെ തൊഴിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ട് മുമ്പ് മന്ത്രിസഭ അംഗീകരിച്ച കരാറിന്റെയും സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം.

വളരെ അപൂർവമായ സ്‍പെഷ്യലിസ്റ്റ് തസ്തികകളിലുള്ളവരുടെ സേവനം രാഷ്ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രം തൊഴിൽ കരാർ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്.ആർ വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം ആരോഗ്യ വകുപ്പിന്റെ പ്രവിശ്യാ ബ്രാഞ്ച് മേധാവിക്കോ ആരോഗ്യ കോംപ്ലക്സുകളുടെ മേധാവിക്കോ തത്തുല്യ പദവിയിലുള്ളവർക്കോ മാത്രമാണ് അനുമതി നൽകാനാവുക.

അപൂർവ സാഹചര്യത്തിൽ സർക്കാർ സ്ഥാപനത്തിലെ വിദേശികളുടെ കരാർ പുതുക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങളും ഇതിനു ബാധകമാണ്. ആരോഗ്യ വകുപ്പിലെ വിവിധ ഘടകങ്ങൾക്ക് മന്ത്രാലയത്തിലെ മാനവവിഭവ ശേഷി അണ്ടർ സെക്രട്ടറി സർക്കുലർ അയച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top