സൗദി : വാഹനവുമായി നിരത്തിലിറങ്ങാന്‍ സൗദി വനിതകള്‍ക്ക് മുന്നിലുള്ളത് ഇനി ഒരു ദിനം മാത്രം. ഇതിന് മുന്നോടിയായി വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ച് പുറത്തിറങ്ങി. വാഹനമോടിച്ച് അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇനി ഇവരാണെത്തുക.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൗദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്‌പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ തന്നെ 40 പേരാണ് പുറത്തിറങ്ങിയിരിക്കുന്നത്.
കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉടന്‍ പുറത്തിറങ്ങും. വനിതാ ഡ്രൈവര്‍മാര്‍ക്ക് പിന്തുണയുമായി പുരുഷ സമൂഹവും മുന്നിലുണ്ട്. വനിതകളില്‍ നൂറുകണക്കിന് പേര്‍ ഇതിനകം ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞു. രാജ്യത്ത് വനിതകളിറങ്ങുന്നതോടെ ഹൗസ് ഡ്രൈവര്‍മാരുടെ സാന്നിധ്യം ക്രമേണ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടി ചരിത്രമുഹൂര്‍ത്തത്തിന് കാത്തിരിക്കുന്നത്. കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് നേടിയവരുണ്ട്. അംഗീകൃത രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് ആ ലൈസന്‍സ് സൗദിയിലേക്കു മാറ്റാന്‍ അനുവാദമുണ്ട്.
പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടായിരത്തി ഇരുപതോടെ സൗദിയിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 30 ലക്ഷം കവിയും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടാക്‌സി ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങളില്‍നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മദ്യമയക്കുമരുന്ന് ലഹരിയിലും എതിര്‍ദിശയിലും വാഹനമോടിക്കല്‍, സിഗ്‌നല്‍ മറികടക്കല്‍, അമിതവേഗം, നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഓവര്‍ടേക് ചെയ്യല്‍ തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കുന്നത് 900 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.