ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും എ.എ.പി. എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താലും എ.എ.പി.- കോണ്‍ഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ അടയ്ക്കുമെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അദ്ദേഹത്തെ പുറത്ത് കാണണമെങ്കില്‍ കോണ്‍ഗ്രസുമായുള്ള ഇന്ത്യന്‍ സഖ്യത്തിന്റെ ഭാഗമാകരുതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും എ.എ.പിയും ഒന്നിക്കുന്നത് ബിജെപിയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്-എ.എ.പി. സഖ്യം രൂപംകൊള്ളുന്നത്, ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.കഴിഞ്ഞ ദിവസം എ.എ.പി. എം.എല്‍.എയായ അതിഷി മാര്‍ലേനയും ഇതേ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ശനിയാഴ്ചയോ ഞായറാഴ്ചയോ കെജ്രിവാളിന് സി.ബി.ഐ. നോട്ടീസ് നല്‍കാനിടയുണ്ടെന്ന് എം.എല്‍.എ. പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.