തിരുവനന്തപുരം: വി ഡി സവര്‍ക്കര്‍ മാപ്പ് അപേക്ഷ എഴുതിയത് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമെന്ന പ്രസ്താവനകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയുമില്ല. ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളത് കൊണ്ടാണ് മാപ്പ് എഴുതിക്കൊടുക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം തളളിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കൂടാതെ, കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മന്ത്രി പി എം അബൂബക്കര്‍ അനുസ്മരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
വി ഡി സവര്‍ക്കര്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശമാണ് വിവാദമായിരുന്നു. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞത്. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മോചിപ്പിക്കപ്പെട്ടാല്‍ സമാധാനപരമായി സവര്‍ക്കര്‍ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടിരുന്നു.