തിരുവനന്തപുരം: ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലനിലയങ്ങളില്‍ നിന്നുള്ളതാണ്. ശരാശരി 750 കോടി യൂണിറ്റോളമാണ് ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 330 കോടി യൂണിറ്റേ ഉത്പാദിക്കാനാകൂവെന്നും അദ്ദേഹം അറിയിച്ചു.
ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഉയര്‍ന്ന ചൂട് തുടങ്ങിയ കാരണങ്ങളാല്‍ ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. വൈദ്യുതിമേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് ഇതു വഴിവെച്ചിട്ടുണ്ട്. പവര്‍ക്കട്ടോ, ലോഡ്‌ഷെഡ്ഡിങ്ങോ കൂടാതെ മുന്നോട്ട് പോകാന്‍ പുറത്തു നിന്നും പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമം. ആവശ്യമായ പ്രസരണ ലൈനുകളില്ല എന്ന പ്രശ്‌നവും നിലവിലുണ്ട്.
ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാര്യക്ഷമമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചും, അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിച്ചും ഉപഭോഗം കൂടിയ വൈകുന്നേരം 7 മണി മുതല്‍ രാത്രി 10 മണി വരെ പരമാവധി കുറച്ചും ജനങ്ങള്‍ സഹകരിക്കണം. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.