സേവ് ലക്ഷദ്വീപ് ഫോറം; ഉപകമ്മിറ്റികള്‍ രൂപീകരിച്ചു

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ മുഴുവന്‍ ദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ഉപകമ്മറ്റികള്‍ രൂപീകരിച്ചു. ദ്വീപില്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പര്യങ്ങളാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി.

നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തില്‍ നിന്നോ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാല്‍ സമര തീയതിയടുത്തിട്ടും അധികൃതര്‍ക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ തുടരാനാണ് ഫോറത്തിന്റെ തീരുമാനം.

ഇതനുസരിച്ചു വിവിധ ദ്വീപുകളില്‍ മുന്നൊരുക്കം തുടങ്ങി. അതേ സമയം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിനു മുന്നില്‍ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധ ധര്‍ണ്ണകള്‍ നടന്നു.

 

Top