സ്ത്രീപ്രവേശനത്തിനു വിധിച്ച സുപ്രീം കോടതിക്കുമുന്നിലും സേവ് ശബരിമല പ്രതിഷേധം

Save sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശന വിധിപുറപ്പെടുവിച്ച സുപ്രീം കോടതിക്കുമുന്നില്‍ ആചാരസംരക്ഷണത്തിനായി സേവ് ശബരിമല പ്രതിഷേധ ഫ്‌ളക്‌സ്. കേരളത്തില്‍ അലയടിക്കുന്ന ശബരിമലപ്രക്ഷോഭം രാജ്യതലസ്ഥാനത്തും അരങ്ങേറുകയാണ്.

കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധത്തിന് 100 കോടി വരുന്ന ഹിന്ദുക്കളുടെയും സിക്കുകളുടെയും പിന്തുണയുണ്ടെന്നും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ വൈകീട്ട് നാലരക്ക് ഡല്‍ഹിയില്‍ പ്രതിഷേധം അരങ്ങേറുമെന്നും ഫ്‌ളക്‌സില്‍ പറയുന്നു.

കോണ്‍സിറ്റിറ്റിയൂഷന്‍ ക്ലബിനു മുന്നിലാണ് പ്രതിഷേധം. ബി.ജെ.പി ഡല്‍ഹി ഘടകം വക്താവ് തജീന്ദര്‍പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും സഹിതമാണ് ഫ്‌ളക്‌സ്.

Supreme Court

സുപ്രീം കോടതിയിലേക്കുള്ള സൈന്‍ ബോര്‍ഡിനു സമീപമാണ് ഫ്‌ളക്‌സ്. സുപ്രീം കോടതിയിലെ അതീവസുരക്ഷാമേഖലയില്‍ ഫ്‌ളക്‌സ് അനുവദിക്കാറില്ല. ജന്തര്‍മന്തര്‍ റോഡിലെ കേരള ഹൗസിനു മുന്നിലും ഫ്‌ളക്‌സ് ഉയര്‍ന്നിട്ടുണ്ട്.

സുപ്രീം കോടതി വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് കേടതിക്ക് മുന്നില്‍ ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്.

കേരളത്തില്‍ നാമജപഘോഷയാത്രകളും ബി.ജെ.പിയുടെ രഥയാത്രയും കോണ്‍ഗ്രസിന്റെ ആചാരസംരക്ഷണ യാത്രയും നടക്കുന്നുണ്ട്. പന്തളം കൊട്ടാരവും രഥയാത്രയുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.എമ്മാവട്ടെ നവോത്ഥാന സദസും ജില്ലകളില്‍ പൊതുസമ്മേളനങ്ങളും ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികവും നടത്തി ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ശക്തമായി രംഗത്തുണ്ട്.

Top