ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാതെ കുംഭമേള നടത്താനൊരുങ്ങുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ബിജെപി നേതാവ് സാവിത്രിഭായ് ഭൂലേ. സംസ്ഥാനത്തെ ക്രമസമാധാനം പോലും തകര്‍ന്ന അവസ്ഥയാണ് നിലവില്‍.
‘ക്ഷേത്രങ്ങള്‍ കൊണ്ടോ കുംഭമേള കൊണ്ടോ രാജ്യം വികസിക്കില്ല. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിണി മാറ്റാന്‍ കുംഭമേളയ്ക്ക് കഴിയുമോ. നിലവിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ അനാവശ്യമായി പണം ചെലവഴിക്കുന്നത്. അമ്പലങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് ഭരണം നടത്താനാവില്ല.
ഭരണഘടനയനുസരിച്ചാണ് ഭരണം നടത്തേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണം നടത്താന്‍ യോഗി ആദിത്യനാഥിന് കഴിയുന്നില്ല. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും’- അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് രാജി വെച്ചിറങ്ങിയതായിരുന്നു സാവിത്രിഭായ് ഭൂലേ.