ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ആരോപണം. സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹസാദ് പൂനവാലയാണ് ആരോപണവുമായി രംഗത്ത് വന്നത്.
2013 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ ഗാന്ധി നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും ഷെഹസാദ് പൂനവാല അറിയിച്ചു.
നീരവ് മോദിക്ക് പിഎന്‍ബിയില്‍നിന്ന് വായ്പ അനുവദിച്ച അതേ സമയത്തുതന്നെയാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം വിവാദമായ വിജയ് മല്യ-ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മല്യ-ജയ്റ്റ്ലി കൂടിക്കാഴ്ചയ്ക്ക് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായി പി.എല്‍ പൂനിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ വ്യക്തമാക്കിയത്. ജയ്റ്റ്ലി കള്ളം പറയുകയാണെന്നും അവരുടെ പതിനഞ്ചു മിനിറ്റ് നീണ്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ മാധ്യമങ്ങളെ ഒന്നര വര്‍ഷം മുന്‍പ് അറിയിച്ചിരുന്നതാണ്. അതിനുശേഷം ജയ്റ്റ്‌ലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. പക്ഷേ കൂടിക്കാഴ്ചയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അത് വിശ്വാസ വഞ്ചനയാണ്. അന്നത്തെ കൂടിക്കാഴ്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയം വിടാം. അല്ലെങ്കില്‍ ജയ്റ്റ്‌ലി വിടണം.’ പുനിയ പറഞ്ഞു.
വിജയ് മല്യയ്ക്ക് സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രിയാണ് ഒരുക്കിക്കൊടുത്തതെന്നും മന്ത്രി രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.