ന്യൂഡല്‍ഹി: യു.പി.ഐ. വഴി എസ്.ബി.ഐ. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിലുള്ള തടസം തുടരുന്നതായി വിവരം. ഏതാനും ദിവസങ്ങളായി തുടരുന്ന പ്രശ്നം ഇതുവരെ അധികൃതര്‍ പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ദിവസം മുമ്പാണ് എസ്.ബി.ഐ. അക്കൗണ്ട് വഴിയുള്ള യു.പി.ഐ. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാകുന്നില്ലെന്ന പരാതി ഉയര്‍ന്നത്. അതേസമയം ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ഭീം, തുടങ്ങിയ യു.പി.ഐ. ആപ്പുകളിലെല്ലാം ഈ തടസം നേരിട്ടിരുന്നു.
വ്യാപകമായി പരാതി ഉയര്‍ന്നതോടെ എസ്.ബി.ഐ. തന്നെ ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെ വിശദീകരണം നല്കി. തങ്ങളുടെ യു.പി.ഐ. ആപ്പുകളില്‍ ഇടയ്ക്കിടെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നുമായിരുന്നു വിശദീകരണം.