കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് എസ്ബിഐ ഇതു പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പിന്തുണയായും 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായാണ് ഈ പ്രധാന ദൗത്യമെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
അടുത്ത 12 മാസം എസ്ബിഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കു പകരം ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കും. ബാങ്കിലെ നിലവിലെ പ്ലാസ്റ്റിക് പേപ്പര്‍ ഫോള്‍ഡറുകള്‍ മാറ്റി നിലവാരമുള്ളവ ഉപയോഗിക്കാന്‍ തുടങ്ങും.
എസ്ബിഐയുടെ കാന്റീനുകളില്‍ പ്ലാസ്റ്റിക് സാധനങ്ങളും കണ്ടെയ്‌നറുകളും മാറ്റി ബയോഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.
ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി എസ്ബിഐയും ഇതില്‍ പങ്കാളിയാകും. ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതും സജീവമാക്കുകയാണ്.
2030ഓടെ എസ്ബിഐ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആദ്യ വാഹനം വാങ്ങിയിരുന്നു.