ഒറ്റത്തവണ പണമടച്ചാൽ മാസ വരുമാനവുമായി എസ്ബിഐയും പോസ്റ്റ് ഓഫീസും

ണ്ടാമതൊരു വരുമാന സ്രോതസ് തേടുന്ന നിക്ഷേപകരുടെ ചിന്ത മുടക്കമില്ലാതെ വരുമാനം ലഭിക്കുന്ന നിക്ഷേപമായിരിക്കും. ആയിരവും പതിനായിരവും വാ​ഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിൽ സത്യസന്ധമായവ തിരഞ്ഞെടുക്കുക എന്നതാണ് നിക്ഷേപത്തിനിറങ്ങും മുൻപ് ആദ്യം ചെയ്യേണ്ടത്. മാസ വരുമാനം വാ​ഗ്ദാനം ചെയ്യുമ്പോൾ എവിടെ നിന്നാണ് ലാഭമുണ്ടാക്കി വരുമാനം ലഭിക്കുന്നതെന്ന് നിക്ഷേപകൻ അറിഞ്ഞിരിക്കണം. ഇത്തരം റിസ്കുകളിലേക്ക് പോകാതെ സർക്കാർ ​ഗ്യാരണ്ടിയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികൾ നിലവിലുണ്ട്.

ഇത്തരത്തിലുള്ള രണ്ട് പദ്ധതികളാണ് എസ്ബിഐ ആന്വുറ്റി ഡെപ്പോസിറ്റ് സ്കീമും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീമും. നഷ്ട സാധ്യത തീരെയില്ലാതെ കാലാവധിയോളം നിശ്ചിത വരുമാനം ഇരു പദ്ധതികളിൽ നിന്നും ലഭിക്കും. പ്രായമായവർക്കും മറ്റൊരു വരുമാന സ്രോതസ് നോക്കുന്നവർക്കും പറ്റിയ നിക്ഷേപമാണിത്. റിസ്‌കെടുക്കാതെ മാസ വരുമാനം നേടാൻ സാധിക്കുന്ന ഈ നിക്ഷേപങ്ങളിൽ ഏതാണ് മികച്ചതെന്ന് നോക്കാം.

എസ്ബിഐ ആന്വുറ്റി ഡെപ്പോസിറ്റ് സ്കീം

ഒറ്റത്തവണ നിക്ഷേപം വഴി മാസ വരുമാനം നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതിയാണ് എസ്ബിഐ ആന്വുറ്റി ഡെപ്പോസിറ്റ് സ്കീം. 30, 60, 84, 120 മാസങ്ങളിലായി ആന്വുറ്റി ഡെപ്പോസിറ്റ് സ്കീമിൽ ചേരാം. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് മാസത്തിൽ വരുമാനം ലഭിക്കുക. മാസത്തിൽ ലഭിക്കുന്ന കുറഞ്ഞ ആന്വുറ്റി തുക 1,000 രൂപയാണ്. ഇതിനായി 3 വർഷത്തേക്ക് കുറഞ്ഞത് 36,000 രൂപ നിക്ഷേപിക്കണം.

നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഒറ്റത്തവണ നിക്ഷേപിക്കുന്ന തുക പലിശയും ചേർത്ത് നിക്ഷേപകന് മാസത്തിൽ തിരികെ നൽകുന്നതാണ് ഈ പദ്ധതിയുടെ രീതി. മുതലും പലിശയും ചേർത്ത തുകയാണ് മാസത്തിൽ നിക്ഷേപകന് ലഭിക്കുക. ഇതിനാൽ കാലവധിയെത്തുമ്പോൾ നിക്ഷേപം പൂർണമായും സ്വീകരിച്ചിട്ടുണ്ടാകും.

പലിശ

എസ്ബിഐ ആന്വുറ്റി നിക്ഷേപത്തിൽ 3 വർഷ നിക്ഷേപത്തിന് 5.45 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95 ശതമാനം പലിശയാണ് ലഭിക്കു. 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50, 6.30 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

എസ്ബിഐ ജീവനക്കാർക്കും പെൻഷൻകാർക്കും 1 ശതമാനം ഉയർന്ന നിരക്ക് ലഭിക്കും. 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് കാലാവധിക്ക് മുൻപെ പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. ഇതിന് പിഴ നൽകണം. നിക്ഷേപകൻ മരണപ്പെട്ടാൽ ഉപാധികളില്ലാതെ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാം.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം

തപാൽ വകുപ്പിന്റെ മന്ത്‌ലി ഇൻകം സ്‌കീമിൽ ചേരുന്നത് വഴി ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തിൽ നല്ലൊരു തുക കയ്യിലെത്തും. നിലവിൽ 6.6 ശതമാനം പലിശ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന് നൽകുന്നുണ്ട്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദങ്ങളിലും പുനപരിശോധിക്കും. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം.

വ്യക്തി​ഗത അക്കൗണ്ടിൽ 4.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. സംയുക്ത അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപ ലഭിക്കും. അഞ്ച്് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. മാസത്തിൽ പലിശ സ്വീകരിച്ചില്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിലേക്ക് ക്രെ‍ഡിറ്റ് ചെയ്യും. ഇതിന് 4 ശതമാനം പലിശയും ലഭിക്കും.

ഏതാണ് മെച്ചം

3 വർഷത്തെ എസ്ബിഐ ആന്വുറ്റി സ്കീമിൽ 36,000 രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 1,000 രൂപയാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം അക്കൗണ്ടിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷത്തേക്ക് മാസത്തിൽ 1,100 രൂപ ലഭിക്കും.

3.50 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 1,925 രൂപയാണ് വരുമാനം ലഭിക്കുക. വ്യക്തിഗത അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം നിക്ഷേപിച്ചാൽ 2,475 രൂപ ലഭിക്കും. സംയുക്ത അക്കൗണ്ടിൽ 9.5 ലക്ഷം നിക്ഷേപിച്ചാൽ 4,950 രൂപ ലഭിക്കും.

Top