എസ്ബിഐ ബ്രാഞ്ച് ആക്രമണം ; അറസ്റ്റിലായ എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ കൂടുതല്‍പേര്‍ക്കെതിരെ നടപടി. മൂന്ന് എന്‍ജിഒ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാനേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസില്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്തതാണ് കേസ്. കമ്പ്യൂട്ടര്‍, ലാന്റ്‌ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ നശിപ്പിച്ചതായും പൊലീസ് പറയുന്നു. എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇനിയും 13 പേര്‍ കൂടി പിടിയിലാകാനുണ്ട്. എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Top