ന്യൂഡല്‍ഹി: രണ്ടായിരം രൂപയില്‍ താഴെയുള്ള എല്ലാ ചെക്കിടപാടുകള്‍ക്കും പിഴയീടാക്കുമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനമായ എസ്.ബി.ഐ. കാര്‍ഡ്. രണ്ടായിരം രൂപയോ അതില്‍ താഴെയോ ഉള്ള ഇടപാടുകള്‍ ചെക്ക് മുഖേനയാണ് നടത്തുന്നതെങ്കില്‍ 100 രൂപയാണ് പിഴയീടാക്കുക. രണ്ടായിരത്തിനുമുകളിലുള്ള തുകയ്ക്ക് പിഴയുണ്ടാവില്ല.
സര്‍ക്കാര്‍ നയമനുസരിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രില്‍ ഒന്നുമുതലുള്ള ഇടപാടുകള്‍ക്ക് നിയമം ബാധകമാകുമെന്നും എസ്.ബി.ഐ.കാര്‍ഡ് അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ജി.ഇ.കാപ്പിറ്റലിന്റെയും സംയുക്തസംരംഭമായ എസ്.ബി.ഐ.കാര്‍ഡിന് ഇന്ത്യയില്‍ 40 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ പരാതികളുയരുന്നത് ഇത്തരത്തിലുള്ള ചെറിയ ചെക്കിടപാടുകളിലാണ്. ഇത് ഉപയോക്താക്കള്‍ക്കും സ്ഥാപനത്തിനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ചെറിയതുകയ്ക്കുള്ള ഇടപാടുകള്‍ നടത്താനായി ഡിജിറ്റല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 90 ശതമാനം ഉപയോക്താക്കളും ഇടപാടുകള്‍ക്കായി ഡിജിറ്റല്‍മാര്‍ഗമുപയോഗിക്കുന്നുണ്ടെന്നും എസ്.ബി.ഐ.കാര്‍ഡ് സി.ഇ.ഒ. വിജയ് ജസൂജ പറഞ്ഞു.