ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
എസ്ബിഐയുമായുള്ള അനുബന്ധ ബാങ്കുകളുടെ ലയനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വര്‍ഷത്തേക്കു കൂടിയായിരിക്കും കാലാവധി നീട്ടുക. ലയനം നടക്കുന്ന സമയത്ത് ഇത്തരത്തിലൊരു തീരുമാനം ആവശ്യമാണെന്ന് എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി ഈ മാസം അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2013ലായിരുന്നു അവര്‍ ചുമതലയേറ്റത്.
ബാാങ്ക് ബോര്‍ഡ് ബ്യൂറോയുടെ നിര്‍ദേശംകൂടി കണക്കിലെടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കും.
എസ്ബിഐയുമായി അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിക്കാനുള്ള ശുപാര്‍ശ ഈ വര്‍ഷമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അനുബന്ധ ബാങ്കുകളായിരിക്കും എസ്ബിഐയുമായി ലയിക്കുക.