ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എസ്ബിഐ. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് എല്ലാ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നറിയിച്ച് എസ്ബിഐ സത്യവാങ്മൂലം നല്‍കിയത്. ഫെബ്രുവരി 15-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ചുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങള്‍ കൈമാറി.
ബാങ്ക് അക്കൗണ്ട്, കെവൈസി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സൈബര്‍ സുരക്ഷ കണക്കിലെടുത്താണ് ഈ വിവരങ്ങള്‍ പുറത്തുവിടാത്തത്. ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാന്‍ ഈ വിവരങ്ങള്‍ അനിവാര്യമല്ലെന്നും എസ്ബിഐ ചെയര്‍മാന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ വൈകാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.