സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

എസ്ബിഐയുടെ നിലപാട് ജനദ്രോഹപരമാണെന്നും ഇത് എത്രയും വേഗം റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രിക്ക് ഇന്നുതന്നെ കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള എസ്ബിഐയുടെ സമീപനം രക്തദാഹിയായ പലിശക്കാരന്‍ ഷൈലോക്കിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. കറന്‍സി രഹിത ഭാരതത്തെക്കുറിച്ച് വാചകമടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണം ജോസ് കെ. മാണി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയെ കടുത്ത ജനവിരുദ്ധ സമീപനത്തിലേക്ക് നയിക്കുന്നതിന്റെ പിന്നില്‍ സ്വകാര്യ ബാങ്കിംഗ് മേഖലയെ സഹായിക്കാനും ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ബിഐ നീക്കം പകല്‍കൊള്ളയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബ്ലേഡ് മാഫിയകളുടെ കൊള്ളയ്ക്ക് അറുതി വരുത്താനുള്ള ബാങ്ക് ദേശസാല്‍ക്കരണം മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കു വേണ്ടി അട്ടിമറിക്കുകയാണ്. കാഷ്‌ലസ് ഇക്കോണമിയുടെ പേരില്‍ പാവപ്പെട്ടവരുടെ പോക്കറ്റടിച്ച് കോര്‍പ്പറേറ്റുകളുടെ ആസ്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏജന്‍സിപ്പണിയാണ് മോദി സ്വീകരിക്കുന്നതെന്നും പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top