മുംബൈ: ജനുവരി മാര്‍ച്ച് പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7718കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് നടപടിക്രമങ്ങളിലെ മാറ്റം മൂലം കിട്ടാക്കടത്തിനു കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടതിനാലാണ് ഈ നഷ്ടം സംഭവിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ വിപണി പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നഷ്ടമെന്നത് ആഘാതം കൂട്ടുന്നു.
1285 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നതെന്നു രാജ്യാന്തര മാധ്യമം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ പാദത്തില്‍ 2,416 കോടി രൂപയുടെ നഷ്ടമാണ് എസ്ബിഐക്ക് ഉണ്ടായിരുന്നത്. പിന്നാലെ ഓഹരിയില്‍ അഞ്ച് ശതമാനം വരെ വര്‍ധനയുമുണ്ടായി.
പഞ്ചാബ് നാഷണല്‍ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 13,416.91 കോടി രൂപയുടെ റെക്കോര്‍ഡ് നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഓഹരികള്‍ക്ക് ആറു ശതമാനമായിരുന്നു വിലയിടിവ്. ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 938 കോടിയുടെ ഇടിവുണ്ടായി. 12,740.93 കോടിയാണ് ഇപ്പോഴത്തെ മൂല്യം. വായ്പത്തട്ടിപ്പു കാരണമാണ് ബാങ്കിന് ഇത്രവലിയ നഷ്ടമുണ്ടായത്.
കാനറ ബാങ്കിന് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (ജനുവരി- മാര്‍ച്ച്) കാനറ ബാങ്കിന് 4859.77 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2016-17 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 214.18 കോടി രൂപ ലാഭമുണ്ടാക്കിയ അവസ്ഥയില്‍ നിന്നാണ് ഇത്. കിട്ടാക്കടം കാരണമാണിത്. 8762.57 കോടിയായിരുന്നു മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടം. മുന്‍വര്‍ഷം ഇത് 2,924.08 കോടി രൂപയായിരുന്നു.