ന്യൂഡല്‍ഹി: ബാങ്കുകളില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകള്‍ ആരംഭിച്ചതായി എസ്.ബി.ഐ മാനേജിങ് ഡയറക്ടര്‍ അര്‍ജിത് ബസു. യു.കെ അധികാരികളുമായി സഹകരിച്ചാണ് ബാങ്കുകളുടെ പുതിയ നീക്കം. മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈക്കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതോടെയാണ് പുതിയ നീക്കം ആരംഭിച്ചത്.
ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളായിരിക്കും പരിശോധിക്കുക. ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും വെല്‍വിനിലെയും ലേഡിവോക്, ബ്രാമ്ബിള്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ കയറി പരിശോധന നടത്താവുന്നതാണ്.
ലോകവ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്നതായിരുന്നു യു.കെ എന്‍ഫോഴ്‌സ്മന്റെിന്റെ വിധി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയത്. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവര്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകള്‍ നിയമിച്ചിട്ടുണ്ട്. 13 ബാങ്കുകളടങ്ങിയ കണ്‍സോര്‍ട്യത്തിന്റെ നേതാവ് എസ്.ബി.ഐ ആണ്.
കോടതി വിധിയില്‍ അതീവ സന്തുഷ്ടരാണെന്നും മല്യയുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള പണം ലഭ്യമാകുമെന്നും എസ്.ബി.ഐ എം.ഡി പ്രതികരിച്ചു. ഒരു പ്രത്യേക തുക പറയാതെ തങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ ഒരു ഭാഗം ഇതിലൂടെ വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മദ്യരാജാവ് വിജയ് മല്യയുടെയും യുനൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി ആണ് വിജയ് മല്യ.