മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട രൂപയുടെ പരിധിയില്‍ കുറവ് വരുത്തി എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ 20 മുതല്‍ 50 ശതമാനം വരെ കുറവ് വരുത്താന്‍ തീരുമാനം.

മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട 5000 രൂപ 3000രൂപയാക്കി കുറച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഒന്ന് മുതല്‍ മെട്രോ, അര്‍ബന്‍ വിഭാഗങ്ങള്‍ക്ക് ഒരേ തുകയായിരിക്കും മിനിമം ബാലന്‍സായി വേണ്ടത്. പുതിയ നിരക്ക് പ്രകാരം അര്‍ബന്‍, മെട്രോ ശാഖകളില്‍ മിനിമം ബാലന്‍സായി 3000 രൂപ വേണം.

സെമി അര്‍ബന്‍, റൂറല്‍ സെന്ററുകളില്‍ യഥാക്രമം 2000, 1000 രൂപ മിനിമം ബാലന്‍സായി നില നിര്‍ത്തണം. സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ 20 രൂപ മുതല്‍ 40 രൂപ, അര്‍ബന്‍, മെട്രോ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ പിഴനിരക്ക്.

സാലറി അക്കൗണ്ടുകള്‍, ബേസിക്സ് സേവിങ്‌സ് അക്കൗണ്ടുകള്‍, പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരമുള്ള അക്കൗണ്ടുകള്‍, എല്ലാ തരത്തിലുമുള്ള പെന്‍ഷന്‍ അക്കൗണ്ടുകള്‍, സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ട്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ട്, എന്നിവയെ മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം അഞ്ച് കോടി അക്കൗണ്ട് ഉടമകള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Top