SBICAP to auction 8 cars of Vijay Mallya

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ എട്ട് കാറുകള്‍ ലേലത്തിന് വെക്കുന്നു.

മല്യയുടെ ആഢംബര വീട് ലേലത്തില്‍ പോകാത്തതിനു പിന്നാലെയാണ് കാറുകള്‍ ലേലത്തില്‍ വെക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

നിക്ഷേപസമാഹരണ രംഗത്തെ പ്രസിദ്ധരായ എസ്ബിഐ ക്യാപ് ട്രസ്റ്റീ കമ്പനി ലിമിറ്റഡാണ് കാറുകള്‍ ലേലത്തില്‍ വെക്കുന്നത്. ആഗസ്റ്റ് 25 നാണ് ലേലം. 6,963 കോടി രൂപയാണ് എസ്ബിഐയ്ക്ക് വിജയ് മല്യ വായ്പാ കുടിശ്ശികയായി നല്‍കാനുള്ളത്. കാറുകള്‍ക്ക് 13.70 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

മല്യയുടെ അഢംബര വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ലേലത്തിലെടുക്കാനുള്ള രജിസ്‌ട്രേഷന് 2000 രൂപയാണ് ചാര്‍ജ്. ആഗസറ്റ്് 23 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി.

ജൂലൈ 29 മുതല്‍ ആഗസ്റ്റ്5 വരെ കാറുകള്‍ പരിശോധിക്കാനുള്ള അവസരം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.

മല്യയുടെ ആഢംബര വീട് ലേലം ചെയ്യാന്‍ വെച്ചിരുന്നെങ്കിലും ആരും ലേലത്തിനായി മുന്നോട്ട് വന്നിരുന്നില്ല. 150 കോടി രൂപയായിരുന്നു ലേല തുക. ആരും വരാത്തതിനാല്‍ ലേലത്തുക 135 കോടി രൂപയാക്കി കുറച്ചിട്ടുണ്ട്.

വിജയ് മല്ല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു. യു ബി ഗ്രൂപ്പിന്റേതടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ബാങ്ക് ബാലന്‍സായ 34 കോടി രൂപ, ബംഗളൂരുവിലേയും മുംബൈയിലുമുള്ള മല്ല്യയുടെ രണ്ട് ഫല്‍റ്റുകള്‍, 4.5 ഏക്കര്‍ വ്യവസായ ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, കിംഗ്ഫിഷര്‍ ടവര്‍, യുബി സിറ്റിയിലെ ഭൂമി തുടങ്ങി 1.411 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കേസിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യംവിട്ടത്. ഏപ്രില്‍ 24 ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ലണ്ടനിലുള്ള മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഇതിനിടയില്‍ മല്യ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു.

Top